Prayers – Litany of Our Lady – ദൈവമാതാവിനോടുള്ള ലുത്തീനിയ

 

കര്‍ത്താവേ  കനിയണമേ
മിശിഹായേ  കനിയണമേ
കര്‍ത്താവേ  ഞങ്ങളണയ്ക്കും
പ്രാര്‍ത്ഥന സദയം കേള്‍ക്കണമേ

സ്വര്‍ഗ്ഗപിതാവാം സകലേശാ
ദിവ്യാനുഗ്രഹമേകണമേ
നരരക്ഷകനാം മിശിഹായേ
ദിവ്യാനുഗ്രഹമേകണമേ

ദൈവാത്മാവാം സകലേശാ
ദിവ്യാനുഗ്രഹമേകണമേ
പരിപാവനമാം ത്രീത്വമേ
ദിവ്യാനുഗ്രഹമേകണമേ

കന്യാമേരി വിമലാംബേ
ദൈവകുമാരനു മാതാവേ
രക്ഷകനൂഴിയിലംബികയേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്

നിതരാം നിര്‍മ്മല മാതാവേ
കറയില്ലാത്തൊരു കന്യകയേ
നേര്‍വഴികാട്ടും ദീപശിഖേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്

നിത്യ മഹോന്നത കന്യകയേ
വിവേകമതിയാം  കന്യകയേ
വിശ്രുതയാം സുരകന്യകയേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്

വിശ്വാസത്തിന്‍ നിറകുടമേ
കാരുണ്യത്തിന്‍ നിലയനമേ
നീതി വിളങ്ങും ദര്‍പ്പണമേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്

വിജ്ഞാനത്തിന്‍ വേദികയേ
മാനവനുത്സവ ദായികയേ
ദൈവികമാം പനിനീര്‍ സുമമേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്

ദാവീദിന്‍ തിരുഗോപുരമേ
നിര്‍മ്മല ദന്തഗോപുരമേ
പൊന്നിന്‍ പൂമണിമന്ദിരമേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്

വാഗ്ദാനത്തിന്‍ പേടകമേ
സ്വര്‍ലോകത്തിന്‍ ദ്വാരകമേ
പുലര്‍കാലത്തിന്‍ താരകമേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്

രോഗമിയന്നവനാരോഗ്യം
പകരും കരുണാസാഗരമേ
പാപിയ്ക്കവനിയിലാശ്രയമേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്

കേഴുന്നോര്‍ക്കു നിരന്തരമായ്
സാന്ത്വനമരുളും മാതാവേ
ക്രിസ്തുജനത്തിനു പാലികയേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്

വാനവ നിരയുടെ രാജ്ഞീ
ബാവാന്മാരുടെ രാജ്ഞീ
ശ്ലീഹന്മാരുടെ രാജ്ഞീ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്

കന്യകമാരുടെ രാജ്ഞീ
വന്ദക നിരയുടെ രാജ്ഞീ
രക്താങ്കിതരുടെ രാജ്ഞീ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്

സിദ്ധന്മാരുടെ രാജ്ഞീ
ഭാരത സഭയുടെ രാജ്ഞീ
അമലോത്ഭവയാം രാജ്ഞീ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്

ശാന്തി ജഗത്തിനു നല്‍കും
നിത്യ വിരാജിത രാജ്ഞീ
സ്വര്‍ഗ്ഗാരോപിത രാജ്ഞീ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്

ലോകത്തിന്‍ പാപങ്ങള്‍ താങ്ങും
ദൈവത്തിന്‍ മേഷമേ നാഥ
പാപം പൊറുക്കേണമേ
നാഥ……..
ലോകത്തിന്‍ പാപങ്ങള്‍ താങ്ങും
ദൈവത്തിന്‍ മേഷമേ നാഥ
പ്രാര്‍ത്ഥന  കേള്‍ക്കണമേ
നാഥ……..
ലോകത്തിന്‍ പാപങ്ങള്‍ താങ്ങും
ദൈവത്തിന്‍ മേഷമേ നാഥ
ഞങ്ങളില്‍ കനിയേണമേ
നാഥ……..